Kerala
തൃശൂർ: യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. പെൻഷൻ പ്രായം ഉയർത്തരുതെന്ന് ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു.
സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും പെൻഷൻ പ്രായം ഉയർത്തിയ സർക്കാരാണ് കഴിഞ്ഞ വർഷത്തേതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തരുത് എന്നതാണ് യൂത്ത് കോൺഗ്രസ് നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.
വന് തോതിൽ സ്വകാര്യ നിക്ഷേപത്തിന് സാഹചര്യമൊരുക്കണമെന്നും സഹകരണമേഖലയുടെ പങ്കാളിത്തം കൂട്ടണമെന്നും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയര്ത്തണമെന്നും ധവളപത്രം ശിപാര്ശ ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: 2015-16 മുതൽ പത്ത് വർഷക്കാലം ഭൂരിഭാഗം പൊതുമേഖലാ കന്പനികളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെ ന്നും, ആദ്യവർഷം ഒഴികെ മറ്റെല്ലാ വർഷങ്ങളിലും അവ സംയുക്തമായി നഷ്ടമാണ് രേ ഖപ്പെടുത്തിയതെന്നും ധവളപത്രം വ്യക്തമാക്കുന്നു.
നിയമാനുസൃത കോർപ്പറേഷനുകളും സംയുക്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ട 2021ലെ 31,517.1 കോടി രൂപയിൽനിന്ന് 2024-25 ആയപ്പോഴേ ക്കും 72,851.2 കോടി രൂപയായി വർധിച്ചു. വിവിധ മേഖലകളിൽ, പബ്ലിക് യൂട്ടിലിറ്റി മേഖലയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളാണ് എല്ലാ വർഷവും ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
2021-22 ൽ, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം അറ്റ നഷ്ടത്തിന്റെ 79.42 ശതമാനവും കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നിവയുടേതായിരുന്നു. ഇതിൽ 54.36 ശതമാനവും കെഎസ്ആർടിസിയുടെ മാത്രം നഷ്ടമായിരുന്നു.
2022-23 ൽ, കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി, കെഎസ്ഇബി എന്നിവ ചേർന്ന് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ അറ്റ നഷ്ടത്തിന്റെ 64.67 ശതമാനം വരുത്തിവച്ചു. 2023-24 ൽ കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും കെഎസ്ആർടിസിയും ചേർന്ന് ആകെ അറ്റ നഷ്ടത്തിന്റെ 88.74 ശതമാനം വഹിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മോശം സാന്പത്തിക പ്രകടനവും അവർ സർക്കാരിൽ നിന്നെടുത്ത വായ്പകളും അതിന്റെ പലിശയും തിരിച്ചടയ്ക്കുന്നതിലെ പരാജയവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിച്ചുവെന്നും ധവളപത്രം വിശദീകരിക്കുന്നു.
Leader Page
ധവളപത്രത്തിൽ വിസ്മയങ്ങൾ ഇല്ല. അതിന്റെ അടിസ്ഥാനത്തിൽ വി.ഡി. സതീശനു വേണമെങ്കിൽ വിസ്മയങ്ങൾ ഉണ്ടാക്കാം. അതിന് അദ്ദേഹം ധൈര്യപ്പെടുമോ എന്നു രണ്ടാഴ്ച കഴിഞ്ഞേ അറിയാനാകൂ. അപ്പോഴാണു ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാനത്തിന്റെ ധനനില ഒട്ടും തൃപ്തികരമല്ല എന്ന കണ്ടെത്തലിൽ പുതുമയില്ല.
2024ൽ 67ഉം 2025ൽ 84ഉം ദിവസം സംസ്ഥാനം ഓവർഡ്രാഫ്റ്റിലായിരുന്നു. ഇതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വീതം ദിവസം വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിലും ആയിരുന്നു. കടമായും അല്ലാതെയും ഉള്ള വരവുകൾ കൊണ്ടു കാര്യം നടക്കാതെ വരുമ്പോഴാണ് റിസർവ് ബാങ്കിന്റെ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. (ഇവ ഉയർന്ന പലിശ ഈടാക്കുന്ന ഹ്രസ്വകാല വായ്പകളാണ് എന്നതു മറക്കരുത്).
സ്വന്തം വരവും കേന്ദ്രവിഹിതവും ബജറ്റിൽ പറഞ്ഞ വായ്പയുംകൊണ്ടു ചെലവു നടത്താനായില്ല. ഒടുവിൽ വർഷാന്ത്യ ദിവസമോ ഇറങ്ങിപ്പോകുന്ന ദിവസമോ ഖജനാവിൽ പണമുണ്ടെന്ന് അവകാശപ്പെടുന്നതിൽ എന്തു കേമമാണുള്ളത്?
കൊടുക്കാൻ പതിനായിരക്കണക്കിനു കോടി രൂപ
ആ നീക്കിയിരിപ്പിന്റെ പല മടങ്ങു തുക കൊടുത്തു തീർക്കാനും ഉണ്ട്. ജീവനക്കാരുടെ ക്ഷാമബത്ത 21,670 കോടി രൂപ, പെൻഷൻകാരുടെ ക്ഷാമാശ്വാസം 14,387 കോടി രൂപ, കരാറുകാർക്കു ബിൽ ഡിസ്കൗണ്ട് ചെയ്ത വകയിൽ ബാങ്കുകൾക്ക് 3431 കോടി രൂപ. മറ്റു ചില്ലറ ബാധ്യതകൾ കൂടി ചേർത്താൽ മൊത്തം 48,733 കോടി രൂപ. ഒരു വർഷം ബജറ്റിൽ വായ്പ എടുക്കുന്ന തുകയോളം വരുന്നു, ഈ കുടിശിക.
സർക്കാരിന്റെ കമ്മി കുറയ്ക്കാൻ ഭരണച്ചെലവ് കുറയ്ക്കണം. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കു വരുമാനത്തിന്റെ 75 ശതമാനം ചെലവാക്കേണ്ടി വരുന്നു. സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റൽ ആക്കണം എന്നു ധവളപത്രം നിർദേശിക്കുന്നു. എന്നാൽ ഇതുവഴി ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്നു പറയുന്നില്ല. രാഷ്ട്രീയമായി സ്വീകാര്യമല്ലാത്ത ആശയമാണല്ലോ അത്. ആളെ കുറയ്ക്കാതെ കംപ്യൂട്ടറൈസേഷൻ നടത്തിയ വിദഗ്ധരാണല്ലോ കേരള ബ്യൂറോക്രസി.
തോന്നുംപടി ബജറ്റ് കണക്ക്
ബജറ്റുകൾ വേണ്ടത്ര ശ്രദ്ധയോടെ തയാറാക്കുന്നില്ല എന്ന ആക്ഷേപം വർഷങ്ങളായി ഉള്ളതാണ്. ധവളപത്രം കണക്കുകൾ ഉദ്ധരിച്ച് ഈ ആക്ഷേപം സ്ഥിരീകരിക്കുന്നു. നികുതി- നികുതിയിതര വരുമാനങ്ങൾ, ചെലവ്, റവന്യൂ കമ്മി, ധനകമ്മി ഇവയുടെയൊക്കെ ബജറ്റ് എസ്റ്റിമേറ്റും യഥാർഥ കണക്കും തമ്മിൽ പത്തു ശതമാനത്തിലധികം വ്യത്യാസം മിക്ക വർഷങ്ങളിലും ഉണ്ട്.
പൊതുമേഖല എന്ന ഭാരം
പൊതുമേഖലാ സ്ഥാപനങ്ങൾ ഭാരമാണ് എന്നു ധവളപത്രം വ്യക്തമാക്കി. 2024-25 ഒടുവിൽ പൊതുമേഖലയുടെ സഞ്ചിതനഷ്ടം 78,851 കോടി രൂപ ആയിരുന്നു. ഇത് ഇങ്ങനെ പോയാൽ എന്താകും? പൊളിച്ചെഴുത്തു വേണമെന്നു പറഞ്ഞതല്ലാതെ മാർഗങ്ങൾ ഇതിൽ നിർദേശിച്ചിട്ടില്ല. അപ്രസക്തമായ കുറേ സ്ഥാപനങ്ങൾ ഇല്ലാതാക്കാനോ സ്വകാര്യവത്കരിക്കാനോ ശ്രമിക്കേണ്ടതാണ്.
നല്ല ലാഭമുണ്ടാക്കുന്ന ബിവറേജസ് കോർപറേഷൻ ലാഭത്തിനു നികുതി നൽകുന്നു. അതേ സമയം സിവിൽ സപ്ലൈസ് കോർപറേഷൻ വലിയ നഷ്ടത്തിൽ ഓടുന്നു. ഇവ ഒന്നിപ്പിച്ച് ഒരു കോർപറേഷന്റെ രണ്ട് ഉപകമ്പനികളായി നടത്തിയാൽ നികുതി ലാഭിക്കാം എന്ന ശിപാർശ ധവളപത്രത്തിൽ ഉണ്ട്.
വൈദ്യുതി ഉണ്ടാക്കാൻ
സംസ്ഥാനത്തു വൈദ്യുതി ഉത്പാദനം കൂട്ടുന്നതിനു ധവളപത്രം നിർദേശിക്കുന്നത് കേന്ദ്ര പൊതുമേഖലാ കമ്പനികളെയും സ്വകാര്യ മേഖലയെയും ക്ഷണിക്കണം എന്നാണ്. കായംകുളത്ത് എൻടിപിസിയുമായും ബ്രഹ്മപുരത്ത് റിലയൻസുമായും ഉണ്ടാക്കിയ കരാറുകളുടെ വലിയ ബാധ്യത ഇപ്പോഴും തുടരുന്നു. ചില ജലവൈദ്യുത പദ്ധതികളിലെ സഹകരണ കരാറുകളും സംസ്ഥാനത്തിനു നഷ്ടമായാണ് മാറിയത്. ഈ അനുഭവങ്ങൾ വച്ചുകൊണ്ടു കരാർ ഉണ്ടാക്കുന്നില്ലെങ്കിൽ തട്ടിപ്പുകാർക്കു കൊയ്ത്തിന് അവസരമാകും.
ഉപയോഗിച്ച വെള്ളം വീണ്ടും ഡാമിൽ എത്തിച്ചും ചെറുകിട ആണവ റിയാക്ടറുകൾ സ്ഥാപിച്ചും പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കിയും വൈദ്യുതി ഉത്പാദനം കൂട്ടണമെന്നാണു ധവളപത്രത്തിലെ ശിപാർശ.
ധവളപത്രം സംസ്ഥാന ധനകാര്യത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ ശരിയായി നിർവചിച്ചു. യഥാർഥരോഗം ബ്യൂറോക്രസിയുടെ അമിത എണ്ണവും വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളുമാണ്.
സതീശൻ സർക്കാർ രോഗത്തിനു ചികിത്സിക്കുമോ? ആ ചികിത്സ രാഷ്ട്രീയമായി കയ്പേറിയതാണ്. എന്നാൽ കേരളത്തിന്റെ നല്ല ഭാവിക്ക് അത്യാവശ്യവും. വി.ഡി. സതീശൻ ജനപ്രിയതയ്ക്കാണോ രാഷ്ട്രതന്ത്രജ്ഞതയ്ക്കാണോ പ്രാധാന്യം നൽകുന്നതെന്നു വരും ദിവസങ്ങളിൽ അറിയാം.
Leader Page
കേരളം ഇന്ന് ഒരു ധനകാര്യ വഴിത്തിരിവിലാണ് എന്നതാണ് ധവളപത്രത്തിന്റെ അടിസ്ഥാന വാദം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, മനുഷ്യവികസനം തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തെ മുന്നണി സംസ്ഥാനമായി തുടരുമ്പോഴും, ഈ നേട്ടങ്ങളെ നിലനിർത്താനുള്ള സർക്കാരിന്റെ ധനശേഷി വേഗത്തിൽ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, നിലവിലെ ധനകാര്യ ഘടന ഉപയോഗിച്ച് കേരളത്തിന് തന്റെ ക്ഷേമവാഗ്ദാനങ്ങളും വികസന ലക്ഷ്യങ്ങളും ഭാവിയിലും തുടരാനാകുമോ എന്ന അടിസ്ഥാന ചോദ്യത്തിനാണ് ഈ റിപ്പോർട്ട് ഉത്തരമന്വേഷിക്കുന്നത്.
പ്രതിസന്ധി ഗുരുതരം
കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി ഇപ്പോൾ ഘടനാപരവും ഗുരുതരവുമാണെന്നതാണ് റിപ്പോർട്ടിന്റെ കേന്ദ്ര കണ്ടെത്തൽ. ഏകദേശം 5.07 ലക്ഷം കോടി രൂപയുടെ മൊത്തം ബാധ്യത, ആകെ വരുമാനത്തിന്റെ 77 ശതമാനത്തോളം വിഴുങ്ങുന്ന പ്രതിബദ്ധ ചെലവുകൾ, വരുമാനത്തിന്റെ 20.9 ശതമാനം വരെ എത്തുന്ന പലിശച്ചെലവ്, ജിഎസ്ഡിപിയുടെ വെറും 1.3 ശതമാനം മാത്രമായ മൂലധനച്ചെലവ്, ദേശീയ ശരാശരിയേക്കാൾ വളരെ താഴെയുള്ള വികസനച്ചെലവ് എന്നിവയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന പ്രധാന സൂചകങ്ങൾ. ലളിതമായി പറഞ്ഞാൽ, കേരള സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളം, പെൻഷൻ, പലിശ, പഴയ ബാധ്യതകൾ എന്നിവയ്ക്കായി ചെലവാകുന്നു; വികസന നിക്ഷേപങ്ങൾക്ക് വളരെ കുറച്ച് മാത്രം ശേഷിക്കുന്നു.
ട്രഷറി പണമിടപാട് നിയന്ത്രണത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് റിപ്പോർട്ടിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളിൽ ഒന്ന്. റിസർവ് ബാങ്കിന്റെ അഡ്വാൻസ്, ഓവർഡ്രാഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളിൽ കേരളം അമിതമായി ആശ്രയിച്ചിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
കുടിശിക ബാധ്യതകൾ
പുതിയ സർക്കാർ ഏറ്റെടുത്ത കുടിശിക ബാധ്യതകൾ ഏകദേശം 48,733 കോടി രൂപയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ 21,670 കോടി ഡിഎ കുടിശികയും 14,387 കോടി പെൻഷൻകാരുടെ കുടിശികയുമാണ്.
കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണോ എന്ന ചോദ്യത്തിന് റിപ്പോർട്ട് നൽകുന്ന മറുപടി സൂക്ഷ്മമാണ്. കേരളം ഒരു പരാജയപ്പെട്ട സമ്പദ്വ്യവസ്ഥയല്ല. മനുഷ്യ വികസന നേട്ടങ്ങളിൽ രാജ്യമെങ്ങും കേരളം ഇന്നും മുന്നിലാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ധനകാര്യ സംവിധാനം അതീവ സമ്മർദത്തിലാണ്. ഉയർന്ന കടബാധ്യത, കർശനമായ പ്രതിബദ്ധ ചെലവുകൾ, കുറഞ്ഞ മൂലധന നിക്ഷേപം, ദുർബലമായ വരുമാന വളർച്ച, ഓഫ് ബജറ്റ് ബാധ്യതകൾ എന്നിവയാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ. ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കാത്ത പക്ഷം ക്ഷേമച്ചെലവും വികസന ചെലവും ഭാവിയിൽ നിലനിൽക്കാനാവാത്ത അവസ്ഥയിലേക്കെത്തുമെന്നാണ് റിപ്പോർട്ടിന്റെ മുന്നറിയിപ്പ്.
നികുതി പ്രകടനത്തിലെ ദൗർബല്യം
മുൻ എൽഡിഎഫ് സർക്കാരിനെതിരേ റിപ്പോർട്ട് കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. 2016-17 മുതൽ 2025-26 വരെ സ്ഥിരമായ വരുമാന ധനാഭാവം, അമിത കടമെടുപ്പ്, നികുതി പ്രകടനത്തിലെ ദൗർബല്യം, യാഥാർഥ്യവിരുദ്ധ ബജറ്റ് കണക്കുകൾ, കിഫ്ബി പോലുള്ള ഓഫ്ബജറ്റ് സ്ഥാപനങ്ങളിലുള്ള അമിത ആശ്രയം എന്നിവ കേരളത്തിൽ വർധിച്ചതായി റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം ബജറ്റ് കണക്കുകളേക്കാൾ സ്ഥിരമായി ഏകദേശം 10 ശതമാനം കുറവായിരുന്നുവെന്നും അത് ബജറ്റ് വിശ്വാസ്യതയെ ദുർബലമാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങൾക്ക് മുന്നിൽ വന്നിരുന്നില്ലെന്ന്
പൊതുജനങ്ങളെ മുൻ സർക്കാർ തെറ്റിദ്ധരിപ്പിച്ചോ എന്ന ചോദ്യത്തിന് റിപ്പോർട്ട് പരോക്ഷമായ മറുപടിയാണ് നൽകുന്നത്. കേരളത്തിന്റെ യഥാർഥ ധനകാര്യ പ്രതിസന്ധി സാധാരണ ബജറ്റ് രേഖകളിലൂടെ പൂർണമായി ജനങ്ങൾക്കു മുന്നിൽ വന്നിരുന്നില്ലെന്ന് അത് സൂചിപ്പിക്കുന്നു. വലിയ കുടിശികകൾ, ട്രഷറി പ്രതിസന്ധി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യതകൾ, കിഫ്ബി ബാധ്യതകൾ എന്നിവ സാധാരണ ധനകാര്യ ചർച്ചകളിൽ പൂർണമായി പ്രതിഫലിച്ചിരുന്നില്ല. എന്നാൽ ഇത് “ജനങ്ങളെ വഞ്ചിച്ചു” എന്ന് സാങ്കേതികമായി തെളിയിക്കുന്നില്ല; അത് രാഷ്ട്രീയ വിലയിരുത്തലിന്റെ മേഖലയിലാണ്.
കേന്ദ്ര ധനസഹായത്തിലെ നിയന്ത്രണങ്ങൾ
റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ അവസാനിക്കൽ, റവന്യു കമ്മി ഗ്രാന്റിലുള്ള കുറവ്, കേന്ദ്ര ധനസഹായത്തിലെ നിയന്ത്രണങ്ങൾ, കടമെടുപ്പ് പരിധിയിലെ കർശനത എന്നിവ കേരളത്തിന്റെ ധനകാര്യ ശേഷിയെ ദുർബലമാക്കിയതായി റിപ്പോർട്ട് അംഗീകരിക്കുന്നു. 2026-27 ബജറ്റിൽ കേന്ദ്ര ധനസഹായത്തെക്കുറിച്ചുള്ള അതിരുകടന്ന പ്രതീക്ഷകൾ കാരണം ഏകദേശം 20,000 കോടി രൂപയുടെ കുറവ് ഉണ്ടാകാമെന്നും റിപ്പോർട്ട് കണക്കാക്കുന്നു. എന്നിരുന്നാലും, കേന്ദ്ര സർക്കാർ കേരളത്തിനെതിരേ മനഃപൂർവമായ രാഷ്ട്രീയ വിവേചനം നടത്തിയെന്ന് റിപ്പോർട്ട് തെളിയിക്കുന്നില്ല. കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധം മോശമായതും കേരളത്തിന്റെ സ്വന്തം ഘടനാപരമായ ദൗർബല്യങ്ങളും ഒരുപോലെ പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പരിമിതികൾ
അതേസമയം, റിപ്പോർട്ടിന് ചില പരിമിതികളും ഉണ്ട്. ഇത് ഒരു ഫോറൻസിക് ഓഡിറ്റ് അല്ല. പൊതുവായി ലഭ്യമായ ഔദ്യോഗിക കണക്കുകളെ ആശ്രയിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ ചില കണ്ടെത്തലുകളെ സ്വാധീനിച്ചിരിക്കാമെന്ന വിമർശനവും ഉയരാം. കൂടാതെ പരിഷ്കാര നിർദേശങ്ങൾ വ്യക്തമായ മുൻഗണനക്രമമോ സമയക്രമമോ നടപ്പാക്കൽ തന്ത്രങ്ങളോ ഇല്ലാതെ പൊതുവായ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം കേന്ദ്ര സർക്കാർ ജീവനക്കാരുടേതിനു തുല്യമാക്കണമെന്ന് സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രത്തിൽ നിർദേശം.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതുൾപ്പെടെയുള്ള നിരവധി ശിപാർശകൾ ധവളപത്രത്തിൽ മുന്നോട്ടു വയ്ക്കുന്നുണ്ട്.
സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിൽനിന്നു മോചിപ്പിച്ച് വികസനപന്ഥാവിലേക്കു തിരിച്ചുവിടണമെങ്കിൽ കടുത്ത രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകണം.
പെൻഷൻ പ്രായം ഒരു വർഷം ഉയർത്തിയാൽ സംസ്ഥാനത്തിന് വിരമിക്കൽ ആനുകൂല്യങ്ങൾ വക 6,000 കോടി രൂപ ലാഭിക്കാനാകും. അഞ്ചു വർഷം കൂടുന്പോൾ ശന്പള കമ്മീഷനെ നിയമിക്കുന്ന നിലവിലെ രീതി മാറ്റി കേന്ദ്രത്തിലേതിനു സമാനമായി പത്തു വർഷത്തിൽ ഒരിക്കൽ കമ്മീഷനെ നിയമിക്കുന്ന രീതിയിലേക്കു മാറണം.
വിദേശ സർവകലാശാലകൾ ഉൾപ്പെടെ സ്വകാര്യ സർവകലാശാലകൾക്ക് എളുപ്പത്തിൽ പ്രവർത്തനാനുമതി നൽകണം.
വെറുതേ കിടക്കുന്ന എസ്റ്റേറ്റുകളും കെട്ടിടങ്ങളുമൊക്കെ ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി കൊടുക്കാം. ഒരുപാട് അധ്യാപകരും സ്കൂളുകളും വളരെ കുറച്ചു വിദ്യാർഥികൾ എന്ന അവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അധ്യാപകരെ പുനർവിന്യസിക്കാനുള്ള സാധ്യതകൾ തേടണം.
തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാസ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുകയോ സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണം. പൊതുലക്ഷ്യങ്ങളുള്ള സ്ഥാപനങ്ങൾ നഷ്ടത്തിലാണെങ്കിലും സർക്കാർ സബ്സിഡിയോടെ നിലനിർത്തണം.
നഷ്ടത്തിലോടുന്ന കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനെയും ലാഭത്തിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനെയും ലയിപ്പിക്കണം.
ബിവറേജസ് കോർപറേഷന്റെ ലാഭത്തിലൂടെ സിവിൽ സപ്ലൈസ് കോർപറേഷന്റെ നഷ്ടം നികത്താം. വൻതോതിലുള്ള സ്വകാര്യനിക്ഷേപത്തിനു കളമൊരുക്കണം. നിക്ഷേപം നടത്തുന്നതിൽ സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കണം. ഇതുവഴി തൊഴിലവസരങ്ങൾ വർധിപ്പിക്കാം.
തദ്ദേശ സ്ഥാപനങ്ങൾ വിപണി വായ്പയെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. ഇതിനു സഹായിക്കുന്നതിനായി കിഫ്ബിയെ നിയോഗിക്കാം. കേരള സംസ്ഥാന ആസൂത്രണ ബോർഡ് പു നഃ സംഘടിപ്പിക്കണം.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രം പുറത്തുനിന്നുള്ള ഒരു കമ്മിറ്റിയെക്കൊണ്ട് തയ്യാറാക്കിച്ച നടപടിക്കെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഔദ്യോഗികവും അതിരഹസ്യവുമായ രേഖകൾ ഉൾപ്പെടുത്തി ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പാണെന്നും, പുറത്തുനിന്നുള്ള സ്വകാര്യ കക്ഷികളെ ഇതിനായി ചുമതലപ്പെടുത്തിയത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇത് ഭാവിയിൽ വളരെ മോശം കീഴ്വഴക്കമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം വലിയ കടക്കെണിയിലാണെന്ന യുഡിഎഫിന്റെ മുൻകാല വാദങ്ങൾ അസംബന്ധമാണെന്ന് ഈ ധവളപത്രം വഴി തന്നെ വ്യക്തമായിരിക്കുകയാണ്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സംസ്ഥാനത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടമുണ്ടെന്നാണ് നാടുനീളെ പറഞ്ഞുനടന്നത്. എന്നാൽ, പുതിയ ധവളപത്രം പ്രകാരം കേരളത്തിന്റെ കടം അഞ്ച് ലക്ഷം കോടി രൂപ മാത്രമാണ്. എൽഡിഎഫ് സർക്കാർ മുൻപ് പറഞ്ഞിരുന്ന കണക്കുകൾ തന്നെയാണ് ശരിയെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം കോടിയിലധികം രൂപ കുടിശ്ശിക നൽകാനുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രധാന ആരോപണം. എന്നാൽ ഡിഎ കുടിശ്ശിക അടക്കം ആകെ നൽകാനുള്ളത് 48,000 കോടി രൂപ മാത്രമാണെന്ന് ധവളപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം പറഞ്ഞതെല്ലാം കള്ളമാണെന്ന് രേഖകൾ വഴി പുറത്തുവന്നു കഴിഞ്ഞു.
ഒരു ധവളപത്രം തയാറാക്കുമ്പോൾ സംസ്ഥാന സാമ്പത്തിക രംഗം ഈ അവസ്ഥയിൽ എത്തിച്ചതിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാർ വലിയ രീതിയിലാണ് സംസ്ഥാനത്തിനുള്ള ഫണ്ടുകൾ വെട്ടിക്കുറച്ചത്. 2021-ൽ 33,000 കോടി രൂപ ലഭിച്ചിരുന്ന കേന്ദ്ര ഗ്രാന്റ് കഴിഞ്ഞ വർഷം വെറും 7000 കോടിയായി കുറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനവും ഇടിഞ്ഞു. എന്നാൽ കേന്ദ്രത്തിന്റെ ഈ അവഗണനയെയും മര്യാദകേടിനെയും കുറിച്ച് ധവളപത്രത്തിൽ ഒരക്ഷരം പോലും പറയുന്നില്ല. കേന്ദ്ര നയങ്ങളെ തുറന്നെതിർക്കാനുള്ള ധൈര്യം കോൺഗ്രസിനില്ലെന്നും കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ധവളപത്രം ഉമ്മാക്കിയല്ലെന്നും എൽഡിഎഫ് സർക്കാരിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയന്റെ പരാമർശത്തിനായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ 6000 കോടി രൂപ ബാക്കി വച്ചിട്ടാണ് പോയതെന്ന പ്രചാരണം പച്ചക്കള്ളമാണ്. മേയ് 16-ന് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ട്രഷറിയിൽ വെറും 2000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
ഐജിഎസ്ടി ഗ്രാന്റും മറ്റ് കേന്ദ്രവിഹിതങ്ങളും ചേർത്ത് പലപ്പോഴായി പണം വരുമെങ്കിലും, സർക്കാർ നൽകാനുള്ള അടിയന്തര ബാധ്യതകൾ നിലനിൽക്കെ 6000 കോടി ഉണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
50,000 രൂപ ശമ്പളമുള്ള ഒരാൾ തന്റെ കടങ്ങളും ബില്ലുകളും വീട്ടാതെ ആ പണം പോക്കറ്റിൽ വച്ച് തന്റെ പക്കൽ പണമുണ്ടെന്ന് അയാളുടെ ഭാര്യയോട് അവകാശപ്പെടുന്നത് പോലെയാണ് മുൻ സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. പത്രക്കാരനും പാൽക്കാരനും പലചരക്ക് കടക്കാരനും പണം നൽകാതെ വാതിലടച്ച് അകത്തിരിക്കുന്ന അവസ്ഥയിലാണ് കേരളത്തിന്റെ ഖജനാവിനെ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ സ്ഥിതി ആശങ്കാജനകമാണെന്നു സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രത്തിൽ വിലയിരുത്തൽ. ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണം.
സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിനു ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്നു റിപ്പോർട്ട് പറയുന്നു.
പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ:
•കേരളത്തിന്റെ ആകെ കടബാധ്യത ₹ 5.07 ലക്ഷം കോടി.
•സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നു.
• വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് (Capital Expenditure) രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്.
• ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; 2025ൽ കേരളം 262 ദിവസം Ways and Means Advances-ലും 84 ദിവസം Overdraft-ലും ആശ്രയിച്ചു.
• സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശികകൾ ഉൾപ്പെടെ ₹48,733 കോടിയുടെ കുടിശിക ബാധ്യത പുതിയ സർക്കാർ ഏറ്റെടുക്കുന്നു.
•KIIFB-യ്ക്ക് ഏകദേശം ₹21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്. ഇതിന്റെ കടങ്ങൾ യഥാർഥത്തിൽ സംസ്ഥാനത്തിന്റെ കടങ്ങളാണ്.
• കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSE) ആകെ സഞ്ചിത നഷ്ടം ₹78,851 കോടി ആയി ഉയർന്നു. KSRTC, KWA തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിനു കാരണം.
• പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു.
•സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദം പെരുകി.
Kerala
തിരുവനന്തപുരം: ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്.
ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ല. പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും തങ്ങൾക്ക് തങ്ങളുടെ രീതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പ് ആണെന്നും ഇത് തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.
എന്നാൽ, ബാലഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമധ്യത്തിൽ ഉള്ള രേഖകൾ ആണ് ഇതെല്ലാം. തയാറാക്കിയത് വകുപ്പ് ഉദ്യോഗസ്ഥർ ആണ്. മന്ത്രിസഭ അംഗീകരിച്ചതാണ് ധവള പത്രം. ഒരു രഹസ്യ രേഖയും ഇല്ല. ധനവകുപ്പിന്റെ നേതൃത്വത്തിലാണ് തയാറാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്നു നിയമസഭയിൽ വയ്ക്കും. ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്ദേശങ്ങളുമുണ്ടാകും.
രാവിലെ എട്ടിനു ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം തയാറാക്കിയത്.
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സമിതിയുടെ കൺവീനർ.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ രൂപീകരണത്തിനു പിന്നാലെ ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽനിന്നു ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ധനകാര്യ മാനേജ്മെന്റി വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം പുറപ്പെടുവിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പഠിക്കാൻ ധവളപത്രം പുറത്തിറക്കാൻ തീരുമാനിക്കുമെന്നു നേരത്തെ ’ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കൂടാതെ സാന്പത്തിക വിദഗ്ധർ അടങ്ങിയ ടീം ആകും സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം ഇറക്കുകയെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടവും കുടിശികകളും വൻതോതിൽ ഉയർന്നെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വൈകാതെ സംസ്ഥാനത്തിന്റെ സാന്പത്തിക നില സംബന്ധിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുകയാണ് ലക്ഷ്യം.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശിക 1.5 ലക്ഷം കോടി രൂപ എങ്കിലും വരുമെന്നാണു വിലയിരുത്തൽ. പെൻഷൻ കന്പനിക്ക് കുടിശിക ഇനത്തിൽ മാത്രം 15,000 കോടി രൂപയെങ്കിലും നൽകാനുണ്ട്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശികയും ശന്പള പരിഷ്കരണം, ലീവ് സറണ്ടർ കുടിശികകൾ വഴി ഏകദേശം 50,000 കോടി രൂപയുടെ കുടിശികയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകൾ നൽകിയിട്ടുള്ള കണക്ക്.